SEARCH


Palanthayi Kannan Theyyam - പാലന്തായി കണ്ണൻ തെയ്യം

Palanthayi Kannan Theyyam - പാലന്തായി കണ്ണൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Palanthayi Kannan Theyyam - പാലന്തായി കണ്ണൻ തെയ്യം

നീലേശ്വരം രാജാവിൻ്റെ പടനായരായ പള്ളിക്കരയിലെ കുറുവാട്ടു കുറുപ്പിൻ്റെ തറവാട്ടിലെ കാലിമേയ്ക്കുന്ന ചെക്കനായിരുന്ന കണ്ണൻ. ഒരുവേനലിൽ കണ്ണൻ തളർന്ന് മാവിൽ കയറി മാങ്ങ തിന്ന് വിശപ്പടക്കി.തിന്ന മാങ്ങയുടെ അണ്ടി അലക്ഷ്യമായി വലിച്ചെറിഞ്ഞു. അണ്ടി ചെന്നു വീണത്‌ കുറുവാട്ടു കുറുപ്പിൻ്റെ അനന്തിരവളുടെ മേലായിരുന്നു. വിവരമറിഞ്ഞ കുറുപ്പ്‌ കലിതുള്ളി.തൻ്റെ കുലത്തെ അപമാനിച്ച കണ്ണനെ വക വരുത്താൻ വാളുമായി പാഞ്ഞു. പേടിച്ചരണ്ട കണ്ണൻ നാടും വീടും വിട്ട്‌ വടക്കോട്ട്‌ സഞ്ചരിച്ചു. മലയാള നാട്‌ കടന്ന് കണ്ണൻ തുളുനാട്ടിലെത്തി.നേത്രാവതിപ്പുഴ കടന്ന് മംഗലാപുരം കോവിൽ കുടുപ്പാടി ഗ്രാമത്തിൽ എത്തി. അവിടെ വെച്ച്‌ ഒരു സ്ത്രീയോട്‌ ദാഹജലം ചോദിച്ചു. കണ്ണൻ്റെ കഥ കേട്ട ആ മുത്തശ്ശി കണ്ണനോട്‌ അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കണ്ണൻ അവിടെ താമസം തുടങ്ങി. വീടിനോട്‌ ചേർന്ന് ഒരു നരസിംഹമൂർത്തി (വിഷ്ണുമൂർത്തി) ക്ഷേത്രം ഉണ്ടായിരുന്നു. അവിടത്തെ അടിച്ചു തളിയും അന്തിതിരിയും കണ്ണൻ ഏറ്റെടുത്തു. ആ പ്രദേശം ജൈനന്മാരുടെ യാഗ ഭൂമിയായിരുന്നു. യാഗാഗ്നിയിൽ നിന്നും ഉയർന്നു വന്ന ഒരു ഇരുമ്പ്‌ ദണ്ഡ്‌ ആ ക്ഷേത്രത്തിൽ ആരാധിച്ചിരുന്നു. ഒരു നാൾ ക്ഷേത്രത്തിൽ നിവേദിക്കാൻ വെച്ചിരുന്ന പാൽ പൂച്ച കുടിച്ചു.പാൽ കാണാഞ്ഞ്‌ മുത്തശ്ശി കണ്ണനോടായി ചോദിച്ചു “പാലെന്തായി കണ്ണാ?” മുത്തശ്ശിയോട്‌ എന്തു പറയും എന്നറിയാതെ അവൻ വിഷമിച്ചു.കാര്യം മനസിലാക്കിയ മുത്തശ്ശി പറഞ്ഞു. സാരമില്ല കണ്ണാ ഞാൻ നിൻ്റെ പേരു ചൊല്ലിയതാണെന്നു കരുതിയാൽ മതി. .അങ്ങനെ കണ്ണൻ പാലന്തായിക്കണ്ണനായി.

വർഷം 12 കഴിഞ്ഞു കണ്ണൻ യുവാവായി മാറി.പിറന്ന നാടിൻ്റെയും പെറ്റമ്മയുടെയും ഓർമ്മകൾ കണ്ണനെ അലട്ടാൻ തുടങ്ങി.കണ്ണൻ മുത്തശ്ശിയോട്‌ കാര്യം പറഞ്ഞു. സങ്കടത്തോടെ മുത്തശ്ശി സമ്മതം മൂളി. നാടിൻ്റെ കണ്മണിയായി മാറിയ പാലന്തായിക്കണ്ണനെ യാത്രയാക്കാൻ ഗ്രാമം ഒന്നടങ്കമെത്തി. 12 വർഷം താൻ വിളക്ക്‌ വെച്ച്‌ നൈവേദ്യമർപ്പിച്ച വിഷ്ണുമൂർത്തിയുടെ പള്ളിയറ മുന്നിൽ കണ്ണൻ തൊഴു കൈകളോടെ നിന്നു. പൊടുന്നനെ ശ്രീകോവിലിനകത്ത്‌ വെച്ചിരുന്ന ഇരുമ്പ്‌ ദണ്ഡ്‌ തുള്ളിയുറഞ്ഞ്‌ കണ്ണൻ്റെ കയ്യിൽ വന്നു.കണ്ണനിലും ദൈവാവേശമുണ്ടായി. മുത്തശ്ശി എടുത്ത്‌ നൽകിയ ഓലക്കുടയുമായി കണ്ണൻ പുറപ്പെട്ടു. വിഷ്ണുമൂർത്തി ചൈതന്യം തുളുമ്പുന്ന ദണ്ഡുമായി കണ്ണൻ തൻ്റെ ദിവ്യ പ്രയാണം തുടർന്നു. കണ്ണൻ വന്ന വഴിയിലുട നീളം പിന്നീട്‌ വിഷ്ണുമൂർത്തി സാന്നിധ്യമറിയുച്ച്‌ ആരധന നേടി.അങ്ങനെ കണ്ണൻ മൂലപ്പള്ളിപ്പുഴ കടന്ന് മൂലപ്പള്ളി കൊല്ലൻ്റെ കൊട്ടിലിൽ എത്തി. കയ്യിലെ ദണ്ഡ്‌ കടഞ്ഞ്‌ ചുരികയാക്കി.അവിടെയും പിന്നീട്‌ വിഷ്ണുമൂർത്തി ക്ഷേത്രമുയർന്നു. അങ്ങനെ കണ്ണൻ ജന്മനാടായ നീലേശ്വരത്ത്‌ എത്തി. അപ്പോഴാണു കളിക്കൂട്ടു കാരനായിരുന്ന കനത്താടനെ കണ്ടത്ത്‌. വിശേഷങ്ങൾ പങ്കു വെച്ച്‌ കണ്ണനെ തൻ്റെ വീട്ടിലേക്ക്‌ ക്ഷണിച്ചു ഭക്ഷനത്തിനു മുൻപ്‌ കദളിക്കുളത്തിലിറങ്ങി കുളിക്കാൻ ആവശ്യപ്പെട്ടു ആസമയത്ത്‌ കനത്താടൻ കുറുപ്പിനടുത്തേക്കോടി വിവരമറിയിച്ചു.കുടിപ്പക മൂത്ത്‌ കുറുപ്പ്‌ വാളുമായി കദളിക്കുളത്തിലേക്കോടി. താമരകൾ നിറഞ്ഞ കുളത്തിലതാ കണ്ണൻ അരയോളം വെള്ളത്തിൽ.മാനിൻ്റെ നേരെ പുലിയെന്ന പോലെ കുറുപ്പ്‌ കണ്ണനു നേരെ പാഞ്ഞടുത്തു.കുളിച്ചു കൊണ്ടിരുന്ന കണ്ണനെ ആഞ്ഞു വെട്ടി.കണ്ണൻ്റെ ചോര വീണ കദളിക്കുളം കുരുതിക്കളം പോലെ ചുവന്നു. കൽപ്പടവിൽ വെച്ച കണ്ണൻ്റെ ചുരികയും കുടയും അയാൾ ചിള്ളിയെറിഞ്ഞു.

നാട്‌ മുഴുവൻ അനർത്ഥങ്ങൾ കണ്ടു തുടങ്ങി.കുറുപ്പ്‌ നീലേശ്വരം കൊട്ടാരത്തിലെത്തി തമ്പുരാനെ കണ്ടു തൻ്റെ പടനായർക്കു വന്ന ദുസ്ഥിതിയറിയാൻ ജ്യോതിഷിയെ വരുത്തി. കണ്ണൻ്റെ ചുരികപ്പുറമേറി കീർത്തിയുള്ളൊരു പരദേവത വന്നിട്ടുണ്ടെന്നും തൻ്റെ നിസ്വാർത്ഥ ഭക്തിയാൽ കണ്ണനും ദൈവക്കരുവായി മാറിയെന്നും പ്രശ്ന ചിന്തയിൽ തെളിഞ്ഞു. കണ്ണൻ്റെ ചുരിക ചെന്നു നിന്ന കോട്ടപ്പുറം പൂഴിപ്പരപ്പിൽ കുറുവാട്ട്‌ കുറുപ്പ്‌ സ്വയം കല്ല് ചുമന്ന് ക്ഷേത്രം നിർമ്മിച്ച്‌ വിഷ്ണുമൂർത്തിയെയും പാലന്തായിക്കണ്ണനെയും പ്രതിഷ്ഠിക്കണമെന്നും തെളിഞ്ഞു.

അതിൻപ്രകാരം നീലേശ്വരം രാജാവ്‌ തലയിൽ വെച്ച്‌ കൊടുത്ത മുഹൂർത്തക്കല്ലുമായി കുറുപ്പ്‌ കോട്ടപ്പുറത്തെത്തി ക്ഷേത്രം പണിത്‌ വിഷ്ണുമൂർത്തിയെയും പാലന്തായികണ്ണനെയും കുടിയിരുത്തി.അങ്ങനെ കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം ഉയർന്നു വന്നു.. പിന്നീട്‌ വിഷ്ണുമൂർത്തിയെ കോലം കെട്ടിയാടിക്കാൻ തീരുമാനിച്ചു.പാലായിയിലെ കൃഷ്ണൻ എന്ന മലയൻ വീട്ടിലിരിക്കവേ തേജസ്വിയായ ഒരു ബ്രാഹ്മണൻ അവിടെയെത്തി.ഇന്നു പച്ചോല മെടഞ്ഞുണ്ടാക്കിയ കുടിലിൽ കിടന്നുറങ്ങണം എന്നാവശ്യപ്പെട്ട്‌ ആ ബ്രാഹ്മണൻ മറഞ്ഞു. അതിൻ പ്രകാരം ഉറങ്ങവേ അദ്ദേഹം ഒരു സ്വപനം കണ്ടു അതിൽ കണ്ട രൂപം നിനക്ക്‌ കോട്ടപ്പുറത്ത്‌ കെട്ടിയാടിക്കാമൊ എന്ന ചോദ്യവും.സങ്കീർണ്ണമായ രണ്ടു രൂപങ്ങളും പറ്റില്ല എന്നറിയിച്ചു. മൂന്നാമതായി കണ്ടത്‌ കുരുത്തോലകൾ അലങ്കരിച്ച ഒരു രൂപമായിരുന്നു.അത്‌ ആറ്റവും തോറ്റവുമുണ്ടാക്കി കെട്ടിയാടിക്കാം എന്നറിയിച്ചു. അങ്ങനെ കോട്ടപ്പുറത്ത്‌ ആണ്ടു കളിയാട്ടം നിശ്ചയിച്ചു.വിഷ്ണുമൂർത്തിയെ ആദ്യമായി കെട്ടിയാടി.പാലായി പരപ്പേൻ എന്ന ആചാരം കോലക്കാരനു ലഭിച്ചു.പാലന്തായികണ്ണനെ പള്ളിക്കര കർണ്ണമൂർത്തി എന്ന ആചാരമുള്ള വണ്ണാൻ സമുദായക്കാരും കെട്ടിയാടുന്നു. വിഷ്ണുമൂർത്തിയെ കെട്ടിയാടുന്ന കോഴിക്കോട്‌ മുതൽ മംഗലാപുരം വരെയുള്ള കാവുകളിലെല്ലാം പാലന്തായിയുടെയും കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിന്റെയും കീർത്തി പരന്നു കിടക്കുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848